അടിമാലി: ഇടുക്കി അടിമാലിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസുകാരി മരിച്ചു. അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. കൂമ്പൻപാറ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജോവാന.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുട്ടി ഛർദ്ദിക്കുകയും മറ്റ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നോടെ മരിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ.