
കല്പറ്റ: വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തു. വയനാട് തെക്കുംതറയിൽ ബി.ജെ.പി പ്രാദേശിക നേതാവ് ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.167 കിറ്റുകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. അതേസമയം വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണിതെന്നാണ് ബി.ജെ.പി പറയുന്നത്. കിറ്റുകൾ എത്താൻ വൈകിയതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്യാൻ സ്റ്റോക്ക് ചെയ്തതാണെന്നും ബി.ജെ.പി വാദിക്കുന്നു.പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും സംയുക്തായി നടത്തിയ റെയ്ഡിലാണ് കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തത്. അഞ്ച് കിലോവീതം തൂക്കം വരുന്ന ഓരോ കിറ്റിലും 11 സാധനങ്ങളാണ് ഉള്ളത്. ഒന്നിന് തന്നെ 450 രൂപ വിലവരും. സംഭവത്തിൽ പരിശോധനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആർക്ക് വേണ്ടി, എന്തിന് വേണ്ടിയാണ് കിറ്റ് കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വയനാട് ബത്തേരിയിലും അവശ്യ സാധനങ്ങളടങ്ങിയ 1500 ഓളം കിറ്റുകൾ പിടിച്ചെടുത്തിരുന്നു. മാനന്തവാടി കെല്ലൂരിലും കിറ്റ് വിതരണ ആരോപണം ഉയർന്നിരുന്നു.


