അലബാമ: അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ട മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു.
പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് രാത്രി ഉറക്കത്തിൽ അയൽവാസിയുടെ വെടിയുണ്ടക്ക് ഇരയായി മരണപ്പെട്ടത്. നല്ലൊരു ജീവിതം സ്വപ്നം കണ്ടു നാല് മാസങ്ങൾക്ക് മുൻപാണ് മറിയവും സഹോദരങ്ങളും മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയത്. ജീവിച്ചു കൊതിതീരുന്നതിനു മുൻപേ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി, സഹോദരങ്ങളെയും മാതാപിതാക്കളെയും തനിച്ചാക്കി മറിയം പോയത് പെട്ടെന്നാണ്. മറിയത്തിന്റെ മരണം സൃഷ്ടിച്ച ആഘാതവും, ദുഃഖവും, മലായാളിക്ക് വളരെ വലുതാണ്. മൂന്ന് മലയാളികളാണ് അടുത്തടുത്തായി അക്രമികളാൽ കൊല്ലപ്പെട്ടത്.
മകളുടെ അപ്രതീക്ഷിത വേർപാടു മൂലം കുടുംബത്തിലുണ്ടായ ദുരന്തത്തിൽ നിന്ന് കരകയറാൻ മറിയത്തിന്റെ കുടുംബത്തിന് സഹായവുമായി ഫോമയും, ഹെല്പിങ് ഹാന്റും,അമേരിക്കൻ മലയാളികളും കൈകോർക്കുകയാണ്. മാനവികതയും, കരുണയുമുള്ള മലയാളികളുടെ പ്രാർത്ഥനകളും സഹായങ്ങളും ഉണ്ടാകണമെന്നും ഫോമാ ഗോഫണ്ടുമി വഴിയും ഫോമാ ഹെല്പിങ് ഹാൻഡ്സിന്റെ വെബ്സൈറ്റ് വഴിയും ഉദാരമായ സഹായങ്ങൾ നൽകി പിന്തുണക്കണമെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ഡോ.ജഗതി നായര്, ജെയ്ൻ കണ്ണച്ചാം പറമ്പിൽ, മാത്യു ചാക്കോഎന്നിവർ അഭ്യർത്ഥിച്ചു.
സംഭാവന നൽകുവാനുള്ള ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്
https://fomaahelpinghands.org/case-view/61a6dfcb89eaee6a893bc0a8
റിപ്പോർട്ട്: സലിം അയിഷ