ന്യൂയോർക്ക്: വിനോദവും വിജ്ഞാനവും ജാലവിദ്യയിലൂടെ പകർന്നു നൽകാൻ മാന്ത്രികൻ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് ആരംഭിച്ച മാജിക് പ്ലാനെറ്റും അതോടൊപ്പം, വിവിധ വൈകല്യങ്ങളുള്ള പ്രത്യേക കഴിവുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേത്യത്വത്തിൽ തുടങ്ങിയ ഡിഫറെൻറ് ആർട്ട് സെന്ററും ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കേരള കൺവെൻഷൻ കോർഡിനേറ്റർ ജോസഫ് ഔസൊ, ജോസ് പുന്നൂസ് തുടങ്ങിയവർ സന്ദർശിച്ചു.
ഫോമയും അംഗ സംഘടനകളും, വിവിധ ഘട്ടങ്ങളിൽ ഡിഫറൻറ് ആർട്ട് സെന്റുമായി കൈകോർത്തു പരിപാടികൾ അവതരിപ്പിക്കുകയും ധനശേഖരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഓരോ ചുവടിലും വിസ്മയം നിറയ്ക്കുന്ന മാജിക് പ്ലാനെറ്റ്. കേരളത്തിലെ ആദ്യ മാജിക് അക്കാദമിയാണ്.
വിവിധതരത്തിലുള്ള വൈകല്യങ്ങളുള്ള പ്രത്യേക കഴിവുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും സംഗീതം, നൃത്തം, നാടകം, സിനിമാ നിർമ്മാണം, പെയിന്റിംഗ്, തുടങ്ങിയവിൽ പരിശീലനം നൽകുന്നതിനും ആരംഭിച്ച പ്രസ്ഥാനമാണ് ഡിഫറെൻറ് ആർട്ട് സെന്റർ. മാജിക് പ്ലാനെറ്റിന്റെ ഭാഗമായാണ് ഡിഫറെൻറ് ആർട്ട് സെന്റർ ആരംഭിച്ചത്.
സമൂഹത്തിലെ പ്രതിഭാധനരായ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അവരുടെ പഠിച്ച കഴിവുകൾ വിശാലമായ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് പരിശീലനവും അവസരങ്ങളും നൽകുന്ന ഒരു ലോകോത്തര കലാകേന്ദ്രം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോപിനാഥ് മുതുകാട് ഡിഫറെൻറ് ആർട്ട്സ് സെന്റർ സ്ഥാപിച്ചത്.
ഓട്ടിസം ബാധിച്ച നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളെ സംഗീതത്തിലും , നൃത്തത്തിലും പെയിന്റിംഗിലും , വിവിധ സംഗീതോപകരണങ്ങളിലും പരിശീലനം നൽകി വിവിധ കേന്ദ്രങ്ങളിൽ ജാലവിദ്യയുമായി സംയോജിപ്പിച്ചു പ്രദര്ശിപ്പിച്ചട്ടുണ്ട്.
ഡിഫറൻറ് ആർട്ട് സെന്ററിന്റെ വളർച്ചയ്ക്കും, പുരോഗതിക്കും ഫോമയുടെ എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും ഉണ്ടാകുമെന്ന് സന്ദർശന വേളയിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഉറപ്പ് നൽകി.
റിപ്പോർട്ട്: സലിം ഐഷ