2021 ആഗസ്ത് 22 നു രാവിലെ പത്തു മണിക്ക് പത്തനാപുരം ഗാന്ധി ഭവനിലെ ആയിരത്തിലധികം അന്തേവാസികൾക്ക് ഓണക്കോടിയും, ഓണ സദ്യയും വിതരണം ചെയ്യുന്ന ഫോമയുടെ പരിപാടി കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ജീവിത പന്ഥാവിൽ അനാഥമായിപ്പോയ 438 വയോധികരായ പുരുഷൻമാരും, 512 സ്ത്രീകളും, കൗമാരപ്രായത്തിനു താഴെയുള്ള 38 പേരുമാണ് ഗാന്ധിഭവനിലുള്ളത്. എല്ലാവർക്കും ഓണക്കോടിയും, ഓണ സദ്യയും നൽകും. ബാലരാമപുരം കൈത്തറി തൊഴിലാളികളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങളാണ് ഓണക്കോടിയായി നൽകുക.
ബാലരാമ പുറം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും, പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്യാനും ഫോമയും അംഗ സംഘടനകളും ഒരുമിച്ചു കാരുണ്യ മനസ്കരായ ജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ടാണ് ഈ പദ്ധതി സാക്ഷാൽക്കരിക്കപ്പെടുന്നത്. ചടങ്ങിൽ കേരളത്തിലെ സാമൂഹ്യ- സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും.
പത്തനാപുരം ഗാന്ധി ഭവൻ സമൂഹ നന്മ മാത്രം ലക്ഷ്യം വെച്ച് കുട്ടികൾ തുടങ്ങി വയോധികർ വരെ അന്തേവാസികളായിട്ടുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനമാണ്. കാരുണ്യ മനസ്കരായവർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചു് മാത്രം നടത്തിപോകുന്ന സ്ഥാപനമാണ് ഗാന്ധി ഭവൻ. ഡോ: പുനലൂർ സോമരാജൻ എന്ന കാരുണ്യവും സ്നേഹവും വറ്റാത്ത മനസ്സിന്റെ നേത്യത്വത്തിലാണ് ഗാന്ധിഭവൻ നടത്തിപോകുന്നത്.
ഗാന്ധിഭവനിൽ നടക്കുന്ന ഓണക്കോടി വിതരണ ചടങ്ങിനും ഓണസദ്യയ്ക്കും സാമ്പത്തിക സഹായം നൽകിയ എല്ലാ സുമനസ്സുകളോടും ഫോമാ നന്ദി നിർവ്വാഹക സമിതിയും സ്പെഷ്യൽ കോർഡിനേറ്റേഴ്സും നന്ദി രേഖപ്പെടുത്തി. ഗാന്ധിഭവനിൽ അന്തേവാസികളുടെ സന്തോഷത്തിൽ പങ്കു ചേർന്നും ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകാൻ എല്ലാ സുമനസ്സുകളോടും നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർസ് സിമി സൈമൺ, സുനിതാ പിള്ള, രേഷ്മ രഞ്ജൻ, സുബാത് കമലാസനൻ എന്നിവർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: സലിം ആയിഷ