ബംഗളുരു: ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്രയിലൂടെ ചരിത്രം കുറിക്കാൻ ഒരുങ്ങി എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ. ഉത്തര ധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്കോയിൽ നിന്നാരംഭിച്ച് ബംഗളുരുവിൽ എത്തും. ഇന്നാണ് യാത്ര അവസാനിക്കുക.
ഉത്തരധ്രുവത്തിലൂടെ പറക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എയർലൈൻ കമ്പനികൾ തങ്ങളുടെ മികച്ച പരിചയസമ്പന്നരായ പൈലറ്റുമാരെ ഈ റൂട്ടിലേക്ക് അയയ്ക്കുന്നത്. വളരെയധികം പരിചയ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയർ ഇന്ത്യ ചുമതലപ്പെടുത്തുന്നത്. ഇതാദ്യമായാണ് ഒരു വനിത ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നയിക്കാൻ പോകുന്നത്.
തങ്ങളെ ദൗത്യം ഏൽപ്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിത പൈലറ്റുമാരെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞു. തൻമയ് പപഗരി, ആകാംക്ഷ, ശിവാനി മാൻഹാസ് എന്നിവരടങ്ങിയ ടീമിനെയാണ് സോയ നയിക്കുക. ലോകത്തിലെ ഭൂരിഭാഗം ആളുകളും അവരുടെ ജീവിതകാലത്ത് ഉത്തരധ്രുവത്തെയോ അതിന്റെ ഭൂപടത്തെയോ കാണാത്തവരാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഞങ്ങളുടെ പതാക വാഹകനും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ എനിക്ക് അഭിമാനം തോന്നുന്ന നിമിഷമാണിത്. സോയ പറഞ്ഞു. നോർത്ത് പോളിലേക്ക് വിമാനം പറത്തിയ ആദ്യ വനിത കമാൻഡർ എന്ന പദവി ഇതോടെ സോയക്ക് സ്വന്തമാകും.