
ടോക്കിയോ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ജപ്പാന് സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈനും ജപ്പാനും വ്യോമഗതാഗത സേവനങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകളും സംബന്ധിച്ച കണ്സള്ട്ടേഷന് രേഖയില്‍ ഒപ്പുവെച്ചു.
ബഹ്റൈനു വേണ്ടി ജപ്പാനിലെ ബഹ്റൈന്‍ അംബാസഡര്‍ അഹമ്മദ് അല്‍ ദോസേരിയും ജപ്പാനു വേണ്ടി ജപ്പാനിലെ ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, ടൂറിസം മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മിയാസാവ കൊയിച്ചിയും കിരീടാവകാശിയുടെ സാന്നിധ്യത്തിലാണ് രേഖയില്‍ ഒപ്പുവെച്ചത്.
ബഹ്റൈനും ജപ്പാനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പ്രശംസിച്ചു. സഹകരണം വിശാലമാക്കാനും പൊതുവായ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള പരസ്പര താല്‍പ്പര്യമാണ് കണ്സള്ട്ടേഷന് രേഖയില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


