
കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി സി.പി.എം. പ്രവര്‍ത്തകരുടെ ആഘോഷം.
കൂത്തുപറമ്പ്- കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന് മഠം ക്ഷേത്രോത്സവാഘോഷത്തിനിടെ നടന്ന കലശ ഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് ബി.ജെ.പി. പ്രവര്ത്തകന് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി സി.പി.എം. പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം പ്രതികളെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
കണ്ണൂരില്‍ ഉത്സവങ്ങളോടനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികള്‍ നടക്കാറുണ്ടെങ്കിലും കൊലക്കേസില്‍ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായുള്ള പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല.
കേസില്‍ കോടതി വിധി പറഞ്ഞ ദിവസം കോടതിക്ക് പുറത്തും പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
