തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ പദ്ധതികൾക്കും മുന്നിൽ കുത്താനുള്ളതല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. അത് ഏത് പാർട്ടിയുടേതായാലും അങ്ങനെ പാടില്ലെന്നും, തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരവികസനങ്ങളും സംബന്ധിച്ച ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. തലശ്ശേരിയിൽ എതിർപ്പുകൾ ഭയന്ന് വ്യവസായി ദമ്പതികൾ നാടുവിട്ട സംഭവം പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടിക്കാട്ടിയിരുന്നു. കേരളം വ്യവസായ സംരഭക സംസ്ഥാനമാണെന്ന് അവകാശപ്പെടുമ്പോഴും സംരംഭം നടത്താൻ വന്നവർ എതിർപ്പ് കാരണം ഭയന്നാണ് ഓടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ഇത് തെറ്റിദ്ധാരണാജനകമാണെന്ന് എ.എൻ ഷംസീർ എം.എൽ.എ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നൽകിയ ന്യായീകരണങ്ങൾ പൂർണ്ണമായും ശരിയല്ലാത്തതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.