മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാത്ത അഞ്ച് സ്ഥാപനങ്ങള്‍ക്കും അതിന്റെ മാനേജര്‍മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. ഇവർക്കെതിരെ മൊത്തം 15,000 ദീനാര്‍ പിഴയാണ് ഈടാക്കാന്‍ വിധിച്ചത്. മൂന്ന് റസ്റ്റാറൻറ്, ഒരു കോഫി ഷോപ്, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയാണ് കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്.
സാമൂഹിക അകലം പാലിക്കല്‍, നിലവിലുള്ള സിറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിക്കല്‍, ഒരു മേശയിൽ ആറ് പേരില്‍ കൂടുതലാളുകളെ ഇരുത്തല്, അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതല്‍ പേരെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കല്‍, സ്ഥാപനത്തില്‍ കയറുന്നതിന് മുമ്പായി തെര്‍മല്‍ ടെസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടച്ചിടാനും ഉത്തരവിട്ടു.