
മനാമ: ഇറാനിലെ തീവ്രവാദ സംഘങ്ങള്‍ വഴി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് (ഐ.ആര്.ജി.സി) തന്ത്രപ്രധാനവും കൃത്യവുമായ വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്തതിനും ബഹ്റൈനെതിരെ തീവ്രവാദ ഗൂഢാലോചനകള്‍ നടത്താന്‍ തീവ്രവാദ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിനും ബഹ്റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും വിദേശത്ത് ഒളിച്ചോടിയ ആറാമനെ തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുക, സുരക്ഷാ അധികാരികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിടുക, ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും പ്രചരിപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുക എന്നിവയാണ് ഈ പ്രവൃത്തികളുടെ ലക്ഷ്യം.
അബ്ബാസ് അബ്ദുല്ല ഹബീബ് (39), യൂസിഫ് അഹമ്മദ് മന്‍സൂര്‍ സര്‍ഹാന്‍ (25), മുഹമ്മദ് ഫാദില്‍ ഹമീദ് (39), സഹ്ലന്‍ അബ്ദുല്‍റെദ അലി (27), മുഹമ്മദ് ഹാദി ഹസന് (37) എന്നിവരാണ് അറസ്റ്റിലായത്. അഹമ്മദ് യൂസിഫ് ജാസിം സര്‍ഹാന്‍ (37) ആണ് വിദേശത്ത് ഒളിവിലുള്ളത്. നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായ അഞ്ച് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


