
മനാമ: ഇറാനിലെ തീവ്രവാദ സംഘടനകള്‍ വഴി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് (ഐ.ആര്.ജി.സി) നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്തതിനും ബഹ്റൈനെതിരെ തീവ്രവാദ ഗൂഢാലോചനകള്‍ നടത്തുന്നതിന് തീവ്രവാദ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും വിദേശത്ത് ഒളിച്ചോടിയ ആറാമനെ തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുക, സുരക്ഷാ അധികാരികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിടുക, ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും പ്രചരിപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുക എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
അബ്ബാസ് അബ്ദുല്ല ഹബീബ് (39), യൂസിഫ് അഹമ്മദ് മന്‍സൂര്‍ സര്‍ഹാന്‍ (25), മുഹമ്മദ് ഫാദില്‍ ഹമീദ് (39), സഹ്ലന്‍ അബ്ദുല്‍റെദ അലി (27), മുഹമ്മദ് ഹാദി ഹസന് (37) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അഹമ്മദ് യൂസിഫ് ജാസിം സര്‍ഹാന്‍ (37) വിദേശത്ത് ഒളിവിലാണ്.
മുന്‍ വര്‍ഷങ്ങളില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നാം പ്രതിയുടെ കുറ്റസമ്മതം അനുസരിച്ച് ഐ.ആര്.ജി.സി. ക്യാമ്പുകളില്‍നിന്ന് ആളുകളെ കടത്തുന്നതിലും തീവ്രവാദ ഗൂഢാലോചനകള്‍ നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതിലും അയാള്‍ക്ക് തീവ്രമായ പരിശീലനം ലഭിച്ചിരുന്നു. കേസില്‍ നിയമനടപടികള്‍ സ്വീകരിച്ചു, അറസ്റ്റിലായ അഞ്ചു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


