
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസില്‍ വന്‍ തീപിടിത്തം.
ശനിയാഴ്ച പുലര്‍ച്ചെ ഏതാണ്ട് 4.45നാണ് തീപിടിത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ചാലപ്പുറം പുഷ്പ ജംഗ്ഷനു സമീപം ഫ്രാന്‍സിസ് പാലത്തിന്റെ തുടക്കത്തില്‍ റെയില്‍വേ പാളത്തിന് തൊട്ടടുത്താണ് പള്ളി.
കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്ത പള്ളി വികാരിയുടെ കാറിനും ഭാഗികമായി തീപിടിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടുന്നത് കാണുന്നുണ്ട്. പള്ളിയുടെ കെട്ടിടത്തിനും കാറിനും ആരോ തീയിട്ടതായാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണമാരംഭിച്ചു.
പള്ളിക്കു പിന്നില്‍ മതബോധന ക്ലാസുകള്‍ നടത്തുന്ന പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രൂപക്കൂട്, വിളക്ക്, രൂപങ്ങള്‍, പളളിയുമായി ബന്ധപ്പെട്ട രേഖകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയുണ്ടായിരുന്നത്. മേല്‍ക്കൂരയും ഫര്ണിച്ചറുകളുമുള്പ്പെടെ കെട്ടിടം പൂര്‍ണമായും നശിച്ചു. പളളിപ്പെരുന്നാളിന് സൂക്ഷിച്ച സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. സമീപത്തുള്ള പള്ളിയുടെ പ്രധാന വാതില്‍ തീപിടിത്തത്തില്‍ ചെറിയ തോതില്‍ കത്തിയ നിലയിലാണ്.
കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതിനിടെ ഒരാള്‍ മുകളിലൂടെ കടന്നു പോകുന്നതും തുടര്‍ന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നതുമാണ് സമീപത്തെ വീട്ടിലെ സി.സി.ടി.വിയില്‍ നിന്നുളള ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചതായി പള്ളി വികാരി ആന്റണി പാലത്തറയില് അറിയിച്ചു. ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളിയാണിത്.


