
അമേരിക്കയുടെ ഭീമൻ പടക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തം. അപടകടത്തിൽ രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. നിലവിൽ പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടയിലെ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആക്രമണത്തിൽ അല്ല യു എസ് എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തമുണ്ടായതെന്നാണ് അമേരിക്കൻ സേനയുടെ വിശദീകരണം. എന്താണ് അപകടത്തിന് കാരണമായതെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ യു എസ് എസ് ജെറാൾഡ് ഫോർഡിലെ തീപിടിത്തം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇറാൻ യുദ്ധത്തിന്റെ ഭാഗമാകാനെത്തിയ ഈ ഭീമൻ പടക്കപ്പൽ നിലവിൽ ഇസ്രയേൽ തീരത്താണ് നങ്കൂരമിട്ടിരിക്കുന്നത്.
ഫെബ്രുവരി 14 നാണ് ഇറാനുമേലുള്ള സമ്മർദം ശക്തമാക്കാനായി ഡോണൾഡ് ട്രംപ്, പശ്ചിമേഷ്യ ലക്ഷ്യമാക്കി രണ്ടാമത്തെ പടക്കപ്പൽ അയച്ചത്. ഇറാനുമായി ആണവ വിഷയത്തിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ ആവശ്യം വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ നീക്കം. എബ്രഹാം ലിങ്കണ് പടക്കപ്പലിന് പിന്നാലെ ജെറാൾഡ് ഫോർഡ് കൂടി മേഖലയിലെത്തിയതിന് പിന്നാലെയാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ അടക്കം വധിച്ച ഇറാനെതിരായ യുദ്ധം ആരംഭിച്ചത്. നേരത്തെ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യത്തിന്റെ ഭാഗമായിരുന്ന അതേ കപ്പലാണ് ജെറാൾഡ് ആർ ഫോർഡ്. 60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 75 വിമാനങ്ങളെ വരെ വഹിക്കാൻ ഈ കപ്പിലിന് കഴിയും.


