മുംബൈ: തെലുങ്ക് താരം പ്രഭാസ് നായകനായെത്തുന്ന ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം നടക്കുന്ന സ്റ്റുഡിയോയിൽ തീപിടുത്തം. മുംബൈയിലെ സ്റ്റുഡിയോയിൽ വൈകുന്നേരം 4.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ബംഗൂർ നഗറിലെ ഇനോർബിറ്റ് മാളിന് സമീപമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരുന്നത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നി ശമന സേനയുടെ എട്ടു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
പ്രഭാസും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇരു താരങ്ങളും ഇന്ന് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ സംവിധായകൻ ഓം റൗത്തും ചെറിയ സംഘം ക്രൂവും മാത്രമാണ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നത്. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ആദിപുരുഷ്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തും.