തിരുവനന്തപുരം: ബജറ്റ് അവതരത്തിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുതാ സമീപനമാണ് കാട്ടുന്നതെന്ന് ധനമന്ത്രി വിമർശിച്ചു. ഇതിനെ നേരിടാന്‍ ‘തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ’ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു, സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി ‘ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ നടപ്പാക്കും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും.
100 രൂപ നികുതി പിരിച്ചാൽ കേരളത്തിനു കേന്ദ്രം തരുന്നത് 21 രൂപയാണ്. അതേസമയം ഉത്തർപ്രദേശിന് ഇത് 46 രൂപയാണ്. കേന്ദ്ര അവഗണന ഉണ്ടെന്ന് പ്രതിപക്ഷവും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത മൂന്നു വര്‍ഷം 3 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു.