തൃശ്ശൂർ: 200 കോടിയുടെ തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത് വിട്ടു. പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഇടപാട് രേഖകൾ പരിശോധിച്ചപ്പോഴാണ് വിപുലമായ ലിസ്റ്റ് ലഭിച്ചത്. ഉന്നത രാഷ്ട്രീയക്കാർ മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വരെ കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്.
10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം എന്നിങ്ങനെയാണ് നിക്ഷേപം. ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, കടകളിൽ ജോലി ചെയ്യുന്നവർ എന്നിവരുൾപ്പെടെ രണ്ട് മുതൽ അഞ്ച് ലക്ഷം വരെ നിക്ഷേപം ഉള്ളവരും ഉണ്ട്.
രസീത് അനുസരിച്ച്, ബാങ്ക് 15 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. പലരും ആറ് മാസത്തേക്ക് നിക്ഷേപം നടത്തിയവരാണ്. വടൂക്കര സ്വദേശി പി.ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. നിക്ഷേപകർ കൂട്ട പരാതിയുമായി എത്തിയതോടെ ജോയിയും കുടുംബവും ഒളിച്ചോടി. ജോയി, ഭാര്യ റാണി എന്നിവരാണ് പ്രതികൾ.