
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ക്ഷാമ ബത്ത ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ ധന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത 22 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഇത് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, സർക്കാർ ജീവനക്കാർ വളരെക്കാലമായി നേരിടുന്ന പ്രശ്നം ഡിഎ കുടിശ്ശികയാണ്. അവർക്ക് 13 ശതമാനം ഡിഎ കുടിശ്ശിക ഇപ്പോഴും നിൽക്കുന്നുണ്ട്. ഇത് സംഘടനകളടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബർ മുതൽ ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.


 
