മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. ഹൈദരാബാദിലെ ഐടി പാർക്കിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബ്രോ ഡാഡിയിൽ കല്യാണി പ്രിയദർശനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. മോഹൻലാലും ഉടൻ സിനിമയുടെ ചിത്രീകരണത്തിൽ ജോയിൻ ചെയ്യും. പൃഥ്വിരാജിന്റേയും കല്യാണി പ്രിയദർശന്റേയും ഭാഗങ്ങളാകും തുടക്കത്തിൽ ചിത്രീകരിക്കുക. ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു.
എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
പൂർണമായി കേരളത്തിൽ ചിത്രീകരിക്കേണ്ടിയിരുന്ന സിനിമ കൊറോണ പ്രതിസന്ധിയെ തുടർന്നാണ് തെലങ്കാനയിലേക്ക് മാറ്റിയത്. ഇൻഡോര്‍ ഷൂട്ടിംഗിന് പോലും കേരളത്തിൽ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷൻ തെലങ്കാനയിലേക്ക് മാറ്റുന്നതിന് തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു.
