തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് രോഗിയായ അച്ഛനെ കൊല്ലാൻ ശ്രമിച്ച് പതിനഞ്ചുകാരനായ മകൻ. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡയാലിസിന് വിധേയനാകുന്ന വൃക്കരോഗിയാണ് 15കാരന്റെ പിതാവ്. ഇദ്ദേഹം മകനെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പ്രതികാരമായി മകൻ പിതാവിന്റെ മുഖത്ത് മുളകുപൊടി വിതറി വായിൽ തുണിതിരുകി കമിഴ്ത്തിക്കിടത്തി തലയിൽ ചുറ്റികകൊണ്ട് മർദിക്കുകയായിരുന്നു.
കൂട്ടുകാരന്റെ സഹായത്തോടെയാണ് 15കാരൻ കൃത്യം ചെയ്തത്. ഗുതുരാവസ്ഥയിലായ പിതാവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ പിടിയിലാകും എന്നായതോടെ 15കാരൻ വീടിന്റെ മുറിക്കുള്ളിൽ കയറി ജനൽ കമ്പിയിൽ തുണികെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് സമീപവാസികൾ കാണുകയായിരുന്നു. ഉടൻ തന്നെ പോത്തൻകോട് പോലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് 15കാരനേയും ആശുപത്രിയിലേക്ക് മാറ്റി.