കൊച്ചി: നടൻ ദുൽഖർ സൽമാന് ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക്ക് നടപടി. ഇനിയുള്ള സിനിമകൾ തീയേറ്ററിന് നൽകുമെന്ന് ദുൽഖർ അറിയിച്ചു. ദുൽഖറിനേയും നിർമ്മാണ കമ്പനിയായ വേഫെയറർ ഫിലിംസിനേയും മാർച്ച് 15നാണ് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കുന്നത്.
ദുൽഖർ ചിത്രം സല്യൂട്ട് ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് എത്തിയത്. തീയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്കേർപ്പെടുത്തിയത്. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
ഇനിമുതൽ ദുൽഖർ നിർമ്മിക്കുന്ന ചിത്രങ്ങളോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളോ തീയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്ക് അറിയിച്ചത്.ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ചിത്രമാണ് സല്യൂട്ട്. സല്യൂട്ട് തീയേറ്ററിൽ റിലീസ് ചെയ്യാമെന്ന് ദുൽഖർ വാക്ക് നൽകിയതായി ഫിയോക്ക് പറയുന്നു. തങ്ങൾക്ക് വാഗ്ദാനം നൽകിയ ശേഷം വഞ്ചനാപരമായ തീരുമാനം ദുൽഖർ എടുത്തുവെന്നും വ്യക്തമാക്കിയാണ് ദുൽഖറിന് വിലക്ക് ഏർപ്പെടുത്തിയത്.