
മനാമ: യൂറോ മോട്ടോഴ്സിന്റെയും സയാനി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെയും സഹകരണത്തോടെ ബഹ്റൈന്‍ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ഫെരാരി 296 ചലഞ്ച് ഡിസൈന്‍ മത്സരത്തില്‍ സൗദ് അബ്ദുല്‍ അസീസ് അഹമ്മദിനെ വിജയിയായി യുവജനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഫെരാരി ഷോറൂമില്‍ മന്ത്രാലയത്തിലെയും പങ്കാളി സംഘടനകളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കാനും ദേശീയ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന നൂതന മേഖലകളില്‍ അവരുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് യുവജനകാര്യ മന്ത്രാലയത്തിലെ ഇവന്റ്സ് ആന്റ് പ്രോഗ്രാംസ് ഡയറക്ടര്‍ അബ്ദുള്‍കരീം അല്‍ മീര്‍ പറഞ്ഞു. ഡിസൈനിലും നവീകരണത്തിലും കഴിവുകള്‍ കണ്ടെത്തുന്നതിന് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച മന്ത്രാലയവും സയാനി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു.
ബഹ്റൈനി യുവാക്കളെ പിന്തുണയ്ക്കാനും സൃഷ്ടിപരമായ വ്യവസായങ്ങളില്‍ അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന അര്‍ത്ഥവത്തായ പദ്ധതികളില്‍ അവരെ ഉള്‍പ്പെടുത്താനുമുള്ള ഗ്രൂപ്പിന്റെ സമര്‍പ്പണമാണ് മത്സരം പ്രകടമാക്കുന്നതെന്ന് സയാനി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് സസ്റ്റൈനബിലിറ്റി ഡയറക്ടര്‍ റീം സായിദ് അല്‍ സയാനി പറഞ്ഞു.
