
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2025 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന് വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
2025 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു. ജീവിതം കലാപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും പല കലാ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന കലാപ്രതിഭകളെയാണ് ഗുരുപൂജ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
അവാര്‍ഡ്, ഗുരുപൂജാ പുരസ്കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്കാര സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വ്യക്തമാക്കി.


