യുഎഇ: ദുബായിലെ സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് 6% വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്(കെഎച്ച്ഡിഎ). അടുത്തിടെ നടന്ന പരിശോധനയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകൾക്കാണ് ഫീസ് 3 മുതൽ 6 ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവാരം മോശമായ സ്കൂളുകളിൽ ഫീസ് വർദ്ധന അനുവദിക്കില്ല. ഭൂരിഭാഗം ഇന്ത്യൻ സ്കൂളുകളും അവരുടെ നിലവാരം മെച്ചപ്പെടുത്തിയിരുന്നു.
പുതിയ അധ്യയന വർഷം (2023-24) മുതൽ ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ വരും. കോവിഡ് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഫീസ് വർദ്ധനയ്ക്ക് അംഗീകാരം ലഭിക്കുന്നത്. അടുത്തിടെ ദുബായ് സ്കൂൾസ് ഇൻസ്പെക്ഷൻ ബ്യൂറോ സ്കൂളുകളിൽ പരിശോധന നടത്തുകയും സ്കൂളുകളുടെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്തിരുന്നു.
പഴയ നിലവാരത്തിൽ തുടരുന്ന സ്കൂളുകൾക്ക് മൂന്ന് ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാം. മൂന്ന് വിഭാഗം സ്കൂളുകൾക്കാണ് ആറ് ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകിയത്.