ദോഹ: ഖത്തറിൽ സർക്കാർ ഏജൻസികളുടെ സേവനങ്ങളുടെ ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ടെക്നിക്കൽ സമിതി രൂപീകരിക്കും. സമിതി രൂപീകരണത്തിനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സർക്കാർ സേവനങ്ങൾക്ക് പുതിയ ഫീസ് നിശ്ചയിക്കുന്നതിനോ നിലവിലുള്ളത് ഭേദഗതി ചെയ്യുന്നതിനോ സർക്കാർ ഏജൻസികൾ സമർപ്പിച്ച ശുപാർശകളെക്കുറിച്ച് വിശദമായ പഠനം നടത്തുക, സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് വിലയിരുത്തുക, സേവനങ്ങൾക്ക് അനുയോജ്യമായ ഫീസ് ആണോ ഈടാക്കുന്നത് എന്ന് പരിശോധിക്കുക, ഫീസ് ചുമത്തേണ്ടത് ആവശ്യമാണോ എന്ന് ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.
ഫീസ് ഈടാക്കാൻ ലക്ഷ്യമിടുന്ന വിഭാഗങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഫീസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന സാഹചര്യങ്ങളും പണപ്പെരുപ്പം ഫീസിനെ എങ്ങനെ ബാധിക്കുമെന്നും സാങ്കേതിക സമിതി പഠിക്കും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് അംഗീകാരം നൽകിയത്.
പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽഖുവാരി പൊതു ബജറ്റ് അവതരിപ്പിക്കവേ പറഞ്ഞിരുന്നു.