മിഷിഗണ്‍: മാതാപിതാക്കളുടെ അനുമതിയില്ലാതെ ഏഴു വയസ്സുള്ള മകളുടെ മുടി ഭാഗികമായി മുറിച്ചു കളഞ്ഞ സ്കൂള്‍ അധികൃതര്‍ക്കെതിരെ കുട്ടിയുടെ പിതാവ് ഒരു മില്യന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ലോ സ്യൂട്ട് ഫയല്‍ ചെയ്തു. സംഭവത്തിനു ശേഷം കുട്ടി മാനസികമായി തളര്ന്നിരിക്കയാണെന്നും പിതാവ് പറഞ്ഞു.
ഏഴുവയസ്സുള്ള മകള്‍ വംശീയ അധിക്ഷേപത്തിനും വര്‍ണ്ണവിവേചനത്തിനും ഭീഷണിക്കും ഇരയായതായി പിതാവ് ആരോപിച്ചു. തലയുടെ ഒരു ഭാഗത്തുള്ള ചുരുണ്ട മുടിയാണ് മുറിച്ചു മാറ്റിയത്. മൗണ്ട് പ്ലസന്റ് പബ്ളിക് സ്കൂളിനെതിരെ ഗ്രാന്റ് റാപ്പിഡ്സിലെ ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സ്കൂള്‍ ലൈബ്രേറിയന്‍, അധ്യാപകസഹായി എന്നിവരാണ് പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്.
കറുത്ത വര്‍ഗ്ഗക്കാരനായ ജിമ്മി ഹോപ്പ്മേയറാണ് കുട്ടിയുടെ പിതാവ്. മകളുടെ മുടി വളര്‍ത്തുന്നതിനുള്ള ഭരണഘടന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടതായും പിതാവ് പരാതിയില്‍ പറയുന്നു.
സ്കൂള്‍ അധികൃതര്‍ ആരോപണം പാടേ നിഷേധിച്ചു യാതൊരു വംശീയ വിവേചനമോ ഭീഷണിയോ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. സംഭവത്തെക്കുറിച്ച് ജില്ലാ സ്കൂള്‍ ബോര്‍ഡ് അധികൃതര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
