
മനാമ: ജി.സി.സി. രാജ്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ജി.സി.സി. കസ്റ്റംസ് യൂണിയന് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചരക്കുനീക്കത്തിനായി ഒരു താല്‍ക്കാലിക ഫാസ്റ്റ് ട്രാക്ക് റൂട്ട് സംവിധാനം ആരംഭിച്ചതായി ബഹ്റൈന്‍ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു.
ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലുള്ള ചരക്കുനീക്കം ത്വരിതപ്പെടുത്തുക, പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുക, എന്‍ട്രി പോയിന്റുകളിലൂടെയുള്ള വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക എന്നിവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ട്രാന്‍സിറ്റ് പോയിന്റുകളില്‍ അന്തിമ കസ്റ്റംസ് ക്ലിയറന്‍സ് ആവശ്യമില്ലാതെ സീല്‍ ചെയ്ത ട്രക്കുകളുപയോഗിച്ച് ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള പ്രധാന തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ലോജിസ്റ്റിക്സ് ഫാസ്റ്റ് ട്രാക്ക് സംവിധാനമാണിത്.
ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, പെട്ടെന്ന് നശിക്കുന്ന വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും സമയബന്ധിതമായ വിതരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


