ദില്ലി: കർഷക സമരവുമായി ബന്ധപ്പട്ട് നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. സിംഘു, തിക്രി, ഗാസിപ്പൂർ അടക്കം അതിർത്തികളിൽ തുടരുന്ന കര്‍ഷക സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി. കഴിഞ്ഞ വർഷം നവംബർ 26 മുതൽ ദില്ലി അതിർത്തികൾ ഉപരോധിച്ചാണ് കർഷകർ സമരം തുടങ്ങിയത്. സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ദില്ലിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമെന്നും പരാതിക്കാർ പറയുന്നു.
കൂടാതെ സിംഘുവിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 9000 ചെറുകിട കമ്പനികളെ സമരം ബാധിച്ചുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് കണ്ടെത്തി. സമരസ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസില്‍ പരാമർശിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉത്തർ പ്രദേശ്, ദില്ലി, ഹരിയാന രാജസ്ഥാൻ സർക്കാരുകളോട് റിപ്പോർട്ട് തേടിയത്. നിലവിലെ സ്ഥിതിവിവരങ്ങൾ കമ്മീഷനെ ധരിപ്പിക്കാൻ നിർദ്ദേശമുണ്ട്.