പുണെ:തക്കാളി വില റോക്കറ്റ് പോലെ കുതിക്കും തോറും തക്കാളി വിറ്റ് കോടികള്‍ കൊയ്യുന്ന കര്‍ഷകരെ കുറിച്ചുള്ള വാര്‍ത്തകളും ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. സാധാരണ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിയാല്‍ കര്‍ഷകര്‍ക്ക് കാര്യമായ ലാഭം ലഭിക്കാറില്ലെങ്കിലും ഇത്തവണ പതിവിനു വിപരീതമാണ് കാര്യങ്ങള്‍. തക്കാളി വിറ്റ് ഒരു മാസം കൊണ്ട് ഒന്നരക്കോടി നേടിയ പുണെയില്‍ നിന്നുള്ള കര്‍ഷകനെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ആ റെക്കോഡ് മറികടന്ന് തക്കാളി വിറ്റ് 2.8 കോടി രൂപ നേടിയതായി അവകാശപ്പെട്ട് മറ്റൊരു കര്ഷകനെത്തിയതായി ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.പുണെയില്‍ നിന്ന് തന്നെയുള്ള കര്‍ഷകനായ ഈശ്വര്‍ ഗായ്കറാണ് പതിനേഴായിരം പെട്ടി തക്കാളി വിറ്റ് 2.8 കോടി രൂപ ലഭിച്ചതായി വ്യക്തമാക്കിയത്. ഇനി നാലായിരം പെട്ടികള്‍ കൂടി സ്റ്റോക് ഉണ്ടെന്നും അതും വിറ്റാല്‍ മൂന്നര കോടിയോളം രൂപ തക്കാളികൃഷിയിലൂടെ തനിക്ക് നേടാനാകുമെന്നും ഈശ്വര്‍ പറയുന്നു.കഴിഞ്ഞ് ഏഴു വര്‍ഷമായി തന്റെ 12 ഏക്കര്‍ സ്ഥലത്ത് തക്കാളി കൃഷി ചെയ്തു വരുന്നതായി ഈശ്വര്‍ പറയുന്നു. നിരവധി തവണ കൃഷിയില്‍ നിന്ന് വന്‍ നഷ്ടമുണ്ടായെന്നും പക്ഷേ പ്രതീക്ഷ കൈവിടാതെ താന്‍ പരിശ്രമിച്ചതിലൂടെയാണ് ഇത്തരമൊരും ഭാഗ്യം കിട്ടിയതെന്നും ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പെട്ടിയ്ക്ക് 770 മുതല്‍ 2311 വരെ രൂപയ്ക്കാണ് തക്കാളികള്‍ വിറ്റത്. കൃഷിയിറക്കുന്ന സമയം ഒരു കിലോ തക്കാളിയ്ക്ക് 30 രൂപ നിരക്കില്‍ ലഭിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ തന്നെ ഞെട്ടിച്ചു കൊണ്ടാണ് തക്കാളിയുടെ വില കുതിച്ചുയര്‍ന്നതെന്നും ഈശ്വര്‍ പറഞ്ഞു. തക്കാളിയ്ക്ക് പുറമെ ഈശ്വര്‍ സവാളയും പൂക്കളും കൃഷി ചെയ്യാറുണ്ട്.