മനാമ: ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉജ്ജ്വലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അഭിമാനത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും നിറവിൽ വിദ്യാർത്ഥികൾ അവരുടെ സ്കൂളിനോട് വിട പറഞ്ഞു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ സീനിയേഴ്സിനായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരുന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചു. സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങളായ രഞ്ജിനി മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു.
പരിപാടിയുടെ ഏകോപനം ഹെഡ്റെ ടീച്ചർ റെജി വറുഗീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നിർവഹിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അനുമോദന പ്രസംഗം നടത്തി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ നിശ്ചയദാർഢ്യത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞു. സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും നിശ്ചയദാർഢ്യവും ഉൾപ്പെടെ സ്കൂളിൽ നിന്ന് പഠിച്ച പാഠങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഹെഡ് ബോയ് ദനീഷ് സുബ്രഹ്മണ്യൻ ഊന്നിപ്പറഞ്ഞു. ജീവിത വിജയത്തിനായി വെല്ലുവിളികൾ തരണം ചെയ്യാനുള്ള പാഠങ്ങൾ പ്രവർത്തികമാക്കണമെന്ന് ഹെഡ് ഗേൾ സഹസ്ര കോട്ടഗിരി പറഞ്ഞു.
ദേശീയ ഗാനങ്ങൾ, വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർത്ഥന എന്നിവയോടെ ചടങ്ങുകൾ ആരംഭിച്ചു. ഇഷിക പ്രദീപ്, അരുൺ സുരേഷ്, അനുഷ്ക, ഷൈൻ, താന്യ എന്നിവർ നയിച്ച ചടുലമായ നൃത്ത പരിപാടികൾ സാംസ്കാരിക പരിപാടികളിൽ മനം കവർന്നു. വിവിധ ഗെയിമുകളും പാട്ടുകളും ബാൻഡുകളും പരിപാടിക്ക് ചടുലതയും നിറവും നൽകി.
അബിഗയിൽ എല്ലിസ് ഷിബു, ഷാൻ ഡി ലൂയിസ്, അലീന മെഹ്രാജ്, സിൽവിയ റിനോ, ഗാർഗി സാരംഗി, നേഹ ആൻ, അഹമ്മദ് ഫാറൂഖി, ലക്ഷ്മി സന്തോഷ്, പ്രിഷി സക്സേന, മേഘ ആൻ, അങ്കിത ഗുപ്ത, മോഹിത് സേത്തി, അദ്വൈത് അജിത്, ജെറമി പ്രേംനവാസ്, മുഹമ്മദ് സൽമാൻ, അവിൻ അസിസ്, ജുമൈന ജുനൈദ്, അദിതി സാഹു എന്നിവർ അവതാരകരായിരുന്നു. സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.