
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “തണലാണ് കുടുംബം” കാംപയിന് പ്രൗഢോജ്ജ്വല തുടക്കം. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാനുള്ള ലിബറൽ വാദങ്ങൾ നമുക്ക് ചുറ്റിലും ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം സിഞ്ചിലെ ഫ്രൻഡ്സ് സെൻ്ററിൽ നടന്ന കാംപയിൻ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പാഠ്യപദ്ധതിയിൽ പോലും നവലിബറൽ വാദങ്ങളും ജെന്റർ ന്യൂട്രൽ ആശയങ്ങളുമൊക്കെ കുത്തിത്തിരുകി ധാർമിക ജീവിത ശീലങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആണും പെണ്ണുമാണ് ജീവിത പങ്കാളികൾ ആവേണ്ടതും വിവാഹം കഴിക്കേണ്ടതെന്നുമുള്ള അടിസ്ഥാനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. സ്വവർഗ ലൈംഗികതക്ക് നിയമ സാധുത നൽകപ്പെടുന്നതിലൂടെ മനുഷ്യവംശത്തിന്റെ നിലനിൽപ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുകയാണ്. തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്ന് വൈവാഹികജീവിതം തന്നെ വേണ്ടെന്ന് വെക്കുന്ന യുവാക്കളുടെയും യുവതികളുടെയും എണ്ണം ഭീകരമായ രീതിയിലാണ് വർധിക്കുന്നത്.
സൗന്ദര്യവും ആകാര സൗഷ്ടവവും ദൈവിക അനുഗ്രഹങ്ങളും അതിനാൽ തന്നെ സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാൽ സൗന്ദര്യഭ്രമവും കൃത്രിമ സൗന്ദര്യ പ്രദർശനവും ആഭാസവും മതിമറന്ന ഫാഷൻ ഭ്രമവുമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്.

കുടുംബം എന്നത് ഓരോരുത്തർക്കും ആശ്വാസഗേഹങ്ങൾ ആയിത്തീരണം. അവിടെ സ്നേഹവും സന്തോഷവും ഉണ്ടാവണം. പരസ്പരമുള്ള കൂടിയാലോചനകളിലൂടെയും ഗുണകാംക്ഷയിലൂടെയുമാണ് ഇത് സാധ്യമാവുക. നിയമത്തിന്റെയും കണക്കുപറയലിന്റെയും ഭാഷകൾ ഒഴിവാക്കപ്പെടുകയും മുൻഗണനാക്രമങ്ങൾ മനസിലാക്കി തീരുമാനങ്ങൾ എടുക്കുകയും ചെയ്യാൻ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സാധിക്കണം.കുടുംബം എന്നത് ദൈവം മനുഷ്യന് നൽകിയ ദിവ്യാനുഗ്രമാണ്. അതിലെ അംഗങ്ങൾക്കിടയിൽ ചേർത്തു വിളക്കപ്പെടുന്ന സ്നേഹവും പരിഗണനയും എല്ലാം ചേർന്നു ഒന്നായിമാറുന്ന മനോഹാരിത മറ്റൊന്നിനും ഈ ലോകത്ത് ലഭിക്കില്ല എന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി
ഫ്രൻഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി വിഷയാവതരണം നടത്തി. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, അൽ മന്നാഈ പ്രോഗ്രാം സെക്രട്ടറി സാദിഖ് ബിൻ യഹ്യ, അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ (മാറ്റ് ബഹ്റൈൻ) ജനറൽ സെക്രട്ടറി അലി കേച്ചേരി, മൈത്രി അസോസിയേഷൻ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.
ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ച പരിപാടിയിൽ കാംപയിൻ ജനറൽ കൺവീനർ ജമാൽ നദ്വി സ്വാഗതവും കൺവീനർ ജാസിർ പി.പി നന്ദിയും പറഞ്ഞു.

ചടങ്ങിൽ കാംപയിൻ ലോഗോയും പോസ്റ്ററും വിവിധ സംഘടന ഭാരവാഹികൾ ഒരുമിച്ചു പ്രകാശനം ചെയ്തു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റ് സമീർ ഹസൻ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ഏരിയാ പ്രസിഡന്റുമാരായ മൂസ കെ.ഹസൻ, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദ് റഊഫ്, കേന്ദ്ര സമിതി അംഗങ്ങളായ അനീസ് വി.കെ, ഖാലിദ് സി, അബ്ദുൽ ഹഖ്, സാജിദ സലിം, റഷീദ സുബൈർ, അജ്മൽ ശറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
