
കൊച്ചി: പ്ലാറ്റ്ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാല് നഷ്ടപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. എട്ടു ലക്ഷം രൂപയാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്ടായ അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എസ് മനു വ്യക്തമാക്കി.
കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമെന്ന് പറഞ്ഞുകൊണ്ടാണ് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നിഷേധിച്ചത്. തുടര്‍ന്ന് ഈ ഉത്തരവിനെതിരെ യാത്രക്കാരനായ മാധ്യമപ്രവര്ത്തകന് സിദ്ധാര്‍ഥ് കെ. ഭട്ടതിരി അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു.
സുപ്രീംകോടതി ഉത്തരവുകളടക്കം കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്. മാധ്യമപ്രവര്‍ത്തകനായിരുന്ന സിദ്ധാര്‍ഥ് കെ. ഭട്ടതിരിക്ക് 2022 നവംബര്‍ 19-ന് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയാണ് അപകടം സംഭവിച്ചത്. സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളംവാങ്ങാനിറങ്ങിയ സിദ്ധാര്‍ഥ് ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍ പെടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് രണ്ട് കാലും മുറിച്ചു മാറ്റേണ്ടിവന്നു.
പിന്നീട് നഷ്ടപരിഹാരത്തിനായി റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിച്ചത്. ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ചതിനെ കരുതിക്കൂട്ടിയുള്ള അപകടമായിട്ടേ കാണാനാകൂ എന്നും അതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും ട്രിബ്യൂണല്‍ വിധിച്ചു. ട്രെയിനില്‍ കയറണമെന്ന സദുദ്ദേശ്യത്തോടെ യാത്രക്കാരന് നടത്തിയ ശ്രമത്തിനിടെയുണ്ടായ അപകടത്തെ സ്വയം വരുത്തിവെച്ചതായി കാണാനാകില്ല, അപ്രതീക്ഷിതമായ അപകടമായാണ് കണക്കാക്കുകയെന്നും ഹൈക്കോടതി പറഞ്ഞു. ടിക്കറ്റുള്ള യാത്രക്കാരന് ട്രെയിനിനുള്ളില്‍നിന്ന് വീഴുന്നതും ട്രെയിനിലേക്കുകയറുന്നതിനിടെ വീഴുന്നതും റെയില്‍വേ നിയമപ്രകാരമുള്ള അനിഷ്ടസംഭവത്തിന്റെ പരിധിയില്‍വരുമെന്നും ഹൈക്കോടതി പറഞ്ഞു.


