
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുഹറഖിലെ ഏറ്റവും പ്രധാനപ്പെട്ട വഴിയടയാളങ്ങളിലൊന്നായ ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതി തേടി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് എഞ്ചിനീയറിംഗ് ഡിസൈനുകള്‍ പഠിക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനും മന്ത്രാലയം മുനിസിപ്പല്‍ കൗണ്‍സിലിന് അയച്ച കത്തില്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ഗതാഗതം മെച്ചപ്പെടുത്തുക, വിമാനത്താവളത്തിലേക്കും അനുബന്ധ ഇടങ്ങളിലേക്കുമുള്ള ഗതാഗതം എളുപ്പമാക്കുക എന്നിവയാണ് റോഡ് വികസന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.


