ഒട്ടാവ: ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ എഴുന്നൂറോളം വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളേജുകളിൽ പ്രവേശനം നേടാൻ നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളെ നാടുകടത്താൻ ഒരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം.
ജലന്ധർ ആസ്ഥാനമായുള്ള എഡ്യൂക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് വിദ്യാർത്ഥികൾ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചത്. ബ്രിജേഷ് മിശ്രയാണ് സ്ഥാപനത്തിന്റെ തലവൻ. അഡ്മിഷൻ ഫീസ് ഉൾപ്പെടെ 16 ലക്ഷം രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്ന് പിരിച്ചെടുത്തതെന്നാണ് വിവരം. ഇതിൽ ഫ്ലൈറ്റ് ടിക്കറ്റുകളും സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ഉൾപ്പെടുന്നില്ല.
2018-19 വർഷത്തിലാണ് വിദ്യാർഥികൾ കാനഡയിൽ പഠിക്കാൻ പോയത്. കാനഡയിൽ പിആറിനായി (പെർമനന്റ് റെഡിസെൻസ്) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പി.ആറിന്റെ ഭാഗമായി അഡ്മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് കണ്ടെത്തിയത്. ഭൂരിഭാഗം വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി ജോലിയിൽ കയറിയവരാണ്.