
മനാമ: കള്ളനോട്ടുപയോഗിച്ച് ഹോട്ടലില്‍ മുറിയെടുക്കുകയും സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്ത കേസില്‍ ബഹ്റൈനി യുവാവിന് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു.
ആദ്യം ഇയാള്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും അവിടെ 20 ദിനാറിന്റെ നോട്ട് നല്‍കുകയുമായിരുന്നു. നോട്ടില്‍ സംശയം തോന്നിയ റിസപ്ഷനിസ്റ്റ് ഹോട്ടലുടമയെ വിവരമറിയിച്ചു. നോട്ട് പരിശോധിച്ച ഹോട്ടലുടമ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് യുവാവ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി 20 ദിനാറിന്റെ നോട്ട് നല്കി. സംശയം തോന്നിയ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും പോലീസില്‍ പരാതി നല്കി.
പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. വീണ്ടും ഇയാള്‍ കള്ളനോട്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൈവശമുള്ളത് കള്ളനോട്ടാണെന്ന് തനിക്കറിയില്ലെന്നായിരുന്നു യുവാവ് ആദ്യം പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ മറ്റൊരാളില്‍നിന്ന് കള്ളനോട്ട് വാങ്ങിയതായി യുവാവ് സമ്മതിച്ചു. യുവാവിന് നോട്ട് നല്‍കിയയാളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ല.


