
മനാമ: വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ച് അര മില്യണ്‍ ദിനാറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു സഹോദരന്മാര്ക്കും അതിലൊരാളുടെ ഭാര്യയ്ക്കും ബഹ്റൈനിലെ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു.
ഒന്നാം പ്രതിയായ 44കാരന്, താന്‍ ഒരു ഏഷ്യന്‍ രാജ്യത്ത് മരിച്ചതായി കാണിച്ച് രണ്ടാം പ്രതിയായ 46കാരന്റെയും അയാളുടെ ഭാര്യയുടെയും സഹായത്തോടെ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയായിരുന്നു. ഇത് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി സമര്‍പ്പിച്ചു. എന്നാല്‍ ഇയാള്‍ മരിച്ചു എന്ന് പറയുന്ന ദിവസത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഇന്‍ഷുറന്‍സ് പോളിസി എടുത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് സംശയത്തിനിടയാക്കി. തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്.
ഇവരുടെ ബന്ധുക്കള്‍ മരണാനന്തര പ്രാര്‍ത്ഥനകളൊന്നും നടത്തിയിട്ടില്ലെന്ന് വീടിനടുത്തുള്ള പള്ളിയിലെ ഇമാം അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൃതദേഹം സംസ്കരിച്ചതിന് തെളിവ് കണ്ടെത്താനുമായില്ല. മരിച്ചതിനു സാക്ഷിയായി ഒപ്പിട്ട ഇയാളുടെ മകനെ ചോദ്യം ചെയ്തപ്പോള്‍, പിതാവിനെ എവിടെയാണ് അടക്കം ചെയ്തതെന്ന് വ്യക്തമായി പറയാനുമായില്ല. തുടര്‍ന്ന് രേഖയില്‍ കൃത്രിമത്വം നടന്നതായി കണ്ടെത്തിയതോടെ അന്വേഷണോദ്യോഗസ്ഥര്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളായ രണ്ടു സഹോദരന്മാര്ക്കും പത്തു വര്‍ഷം വീതം തടവും ഇതിലൊരാളുടെ ഭാര്യയായ പ്രതിക്ക് ഒരു വര്‍ഷം തടവും 2,000 ദിനാര്‍ പിഴയുമാണ് കോടതി വിധിച്ചത്. പ്രതികള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി 5,001 ദിനാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
