
മനാമ: ബഹ്റൈനില്‍ വിദേശ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്ന ലൈസന്‍സില്ലാത്ത ഒരു സ്ഥാപനം അടച്ചുപൂട്ടിയതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
ഈ സ്ഥാപനം നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് പലര്‍ക്കും നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ഇത് വ്യക്തമായതിനെ തുടര്‍ന്ന് ഏഷ്യന്‍ പൗരനായ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റിമാന്‍ഡ് ചെയ്തു.
ലൈസന്‍സില്ലാത്ത ക്ലാസ് മുറികളായിട്ടാണ് സ്ഥാപനം ക്രമീകരിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഉപകരണങ്ങളും പരസ്യ അടയാളങ്ങളും പിടിച്ചെടുത്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി സ്ഥാപന ഉടമ വന്‍ തുക സമ്പാദിച്ചതായും കണ്ടെത്തി.


