
മനാമ: വ്യാജ എന്‍ജിനിയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബഹ്റൈനിലെ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയില്‍ 13 വര്‍ഷം ജോലി ചെയ്ത ഏഷ്യക്കാരന് പിടിയിലായി. കേസില്‍ ക്രിമിനല്‍ കോടതി ഓഗസ്റ്റ് 26ന് വിധി പറയും.
നിലവിലില്ലാത്ത ഒരു അമേരിക്കന്‍ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ ജോലി നേടിയത്. ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ നിയമിക്കപ്പെട്ട ഇയാള്‍ക്ക് 13 വര്‍ഷക്കാലത്തെ ജോലിക്കിടയില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
ഇയാളുടെ അക്കാദമിക് യോഗ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിരുദം വ്യാജമാണെന്നും അതു നല്‍കിയെന്ന് പറയപ്പെടുന്ന സര്‍വകലാശാല അമേരിക്കന്‍ സര്‍വകലാശാലകളുടെ പട്ടികയിലില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
