കൊച്ചി: എ.ടി.എമ്മിൽ പണം എടുക്കാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന എത്തി പണം തട്ടിയെടുക്കുന്നയാളെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി ഹൗസിൽ നജീബി (35) നെയാണ് അറസ്റ്റ് ചെയ്തത്. പണം എടുക്കാൻ വരുന്ന പ്രായമുള്ളവരെയും സ്ത്രീകളെയും സഹായിക്കാൻ എന്ന വ്യാജേന അവർക്കൊപ്പം എ.ടി.എമ്മിൽ കയറുകയാണ് പ്രതിയുടെ പതിവ്. അതിനുശേഷം അവർ പണം എടുക്കാൻ ബുദ്ധിമുട്ട് കാണിക്കുമ്പോൾ അവരെ സമീപിച്ച് അവരുടെ എ.ടി.എം. കാർഡ് മേടിച്ച് പണം എടുത്ത് കൊടുക്കും. തുടർന്ന് അവരുടെ യഥാർത്ഥ എ.ടി.എം. കാർഡ് മടക്കി നൽകാതെ ഇയാൾ കൈയിൽ കരുതുന്ന മറ്റൊരു എ.ടി.എം. കാർഡ് കൊടുത്തുവിടും. പിന്നീട് സമീപത്തെ എ.ടി.എമ്മിൽ പോയി നേരത്തേ കൈക്കലാക്കിയ എ.ടി.എം. കാർഡിൽനിന്നു പണം പിൻവലിക്കും. അക്കൗണ്ട് ബാലൻസിൽ കൂടുതൽ പണം ഉണ്ടെങ്കിൽ രാത്രി 11.58-ന് ആ ദിവസത്തെ കൂടുതൽ തുകയും 12 മണിക്കു ശേഷം പിറ്റേ ദിവസത്തെ തുകയും പിൻവലിക്കും. ഇത്തരത്തിൽ നജീബ് നൂറുകണക്കിനാളുകളുടെ പണം തട്ടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ കൈയിൽനിന്ന് മുപ്പതോളം എ.ടി.എം. കാർഡുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിനുശേഷം കിട്ടിയ പണം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി സ്വന്തം അക്കൗണ്ടിലിടുകയായിരുന്നു പ്രതിയുടെ രീതി. കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി പണം അയയ്ക്കാൻ വരുന്നവരെയും സഹായിക്കാനെന്ന മട്ടിലെത്തി ഇയാൾ പറ്റിച്ചിട്ടുണ്ട്. പണം സി.ഡി.എം.എ. മെഷീനിൽ ഇട്ടതിനുശേഷം അവസാനം കൺഫോം പ്രസ് ചെയ്യുന്നതിനു പകരം കാൻസൽ എന്ന് പ്രസ് ചെയ്യും. തുടർന്ന് പണം അയച്ചിട്ടുണ്ടെന്ന് ആളെ പറഞ്ഞു വിശ്വസിപ്പിക്കും. അവർ പോയതിനു ശേഷം മെഷീൻ തുറന്നു പണമെടുക്കും. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഷാഹിന, സുനിൽ ജി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ഉമേഷ്, ഉണ്ണികൃഷ്ണൻ, ഷിഹാബ് എന്നിവർ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.