പ്യോംങ്യാംഗ്: ഉത്തര കൊറിയയിൽ കനത്ത മഴയെ തുടർന്ന് വീടുകൾ വെള്ളത്തിനടിയിലായി, വയലുകളും റോഡുകളും തകർന്നു. 1,100 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ദിവസങ്ങൾ നീണ്ട കനത്ത മഴയ്ക്ക് ശേഷം കൃഷിയിടങ്ങളും റോഡുകളും ഒലിച്ചുപോയി. ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് അയ്യായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
വെളളപ്പൊക്കത്തിൽ ഏക്കർ കണക്കിന് കൃഷി നശിച്ചുപോയെന്നാണ് വിവരം. നിലവിൽ രാജ്യത്തുള്ള ഭക്ഷ്യപ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കുമെന്ന ആശങ്കയുണ്ട്. കണക്കുകളനുസരിച്ച് ഉത്തര കൊറിയ ഈ വർഷം ഏകദേശം 8,60,000 ടൺ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നാണ് വിവരം.ദക്ഷിണ ഹാംഗ്യോംങിൽ നൂറു ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ടുകൾ.
നദിയിലെ അണക്കെട്ടുകൾ തകർന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. മഴ കൂടുതൽ നാശമുണ്ടാക്കുമെന്നും കിഴക്കൻ തീരം കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിൽ നാളെ വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നുയെന്നും രാജ്യത്തെ കാലാവസ്ഥാ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ റി യോങ് നാം പറഞ്ഞു. രാജ്യത്തെ എല്ലാ മേഖലകളും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നിർദ്ദേശം നല്കി.
