
ന്യൂഡല്‍ഹി: 2013ലെ ഇന്ത്യ-ബംഗ്ലാദേശ് കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ‘മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ ആരോപിച്ച് ധാക്കയിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇടക്കാല സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന ഷെയ്ഖ് ഹസീനിയെ നിയമപരമായി ബംഗ്ലാദേശിന് കൈമാറേണ്ടതുണ്ടോ?. എന്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ പറയുന്നത്.
ആര്‍ട്ടിക്കിള്‍ 1, 2 പ്രകാരം കൈമാറ്റം സാധുവാകുക എപ്പോഴാണ്?
ഒരാള്‍ക്കെതിരെ കുറ്റം ചുമത്തുകയോ, ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരമൊരാളെ കൈമാറ്റ അപേക്ഷ നല്കാന് കഴിയൂകയുള്ളുവെന്ന് കരാര്‍ പറയന്നു. ഹസീനയുടെ കാര്യത്തില്‍, ‘മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ ആരോപിച്ച് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് കരാര്‍ പ്രകാരം ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യക്ക് അപേക്ഷ നല്‍കിയത്.
എന്നാല്‍ ഇരുരാജ്യങ്ങളിലെയും ആഭ്യന്തരനിയമപ്രകാരം കൈമാറേണ്ടയാള്‍ ശിക്ഷാര്‍ഹരാണെങ്കില്‍ മാത്രമേ കൈമാറേണ്ടതുള്ളുവെന്നാണ് വ്യവസ്ഥ. ‘മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ ബംഗ്ലാദേശ് നിയമപ്രകാരം കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതിനെ വ്യത്യസ്തമായാണ് വ്യാഖ്യാനിക്കുന്നത്. സദുദ്ദേശ്യത്തോടെയല്ലാത്ത കൈമാറ്റ അപേക്ഷ നിരസിക്കാമെന്നും കരാര്‍ പറയുന്നു.
ഇത്തരം കാര്യങ്ങള്‍ ആഭ്യന്തരരാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര ട്രൈബ്യൂണലുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ വിലയിരുത്തുക. കരാറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ പ്രധാനമായും രണ്ട് ഉദ്ദേശ്യങ്ങളായിരുന്നു ഇതിന് ഉണ്ടായിരുന്നത്. 1971ലെ വിമോചനയുദ്ധകാലത്ത് തീര്‍പ്പാക്കാത്ത കുറ്റകൃത്യങ്ങള്‍ പരിഗണിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തിക്കപ്പുറമുള്ള തീവ്രവാദികളെ തിരിച്ചെത്തിക്കുക എന്നതുമാത്രമായിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം ഉടലെടുക്കുമെന്ന് കരാര്‍ ഉണ്ടാക്കിയവര്‍ അക്കാലത്ത് സ്വപ്നത്തില്‍ പോലും ചിന്തിച്ച് കാണില്ല
ആര്‍ട്ടിക്കിള്‍ 6(1), 8(3) എന്നിവ പ്രകാരം ഇന്ത്യയ്ക്ക് കൈമാറ്റം നിഷേധിക്കാന്‍ കഴിയുമോ?
ഹസീനയുടെ കേസില്‍ ഉടമ്പടിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ആര്‍ട്ടിക്കിള്‍ 6(1)ഉം ആര്‍ട്ടിക്കിള്‍ 8(3)ഉം ആണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകളാണെന്ന് കണക്കാക്കി കൈമാറ്റം നിരസിക്കാന്‍ വ്യവസ്ഥയനുസരിച്ച് ഇന്ത്യക്ക് കഴിയും. പ്രക്ഷോഭത്തിലൂടെ ഹസീനയെ പുറത്താക്കുകയും മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല ഭരണകൂടം അധികാരത്തില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ ഹസീനയ്ക്കെതിരായ കുറ്റകൃത്യം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇന്ത്യക്ക് വാദിക്കാന്‍ കഴിയും. ആര്‍ട്ടിക്കിള്‍ 8(3) പ്രകാരം സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാമെന്നുമാണ് വ്യവസ്ഥ. ഹസീനയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ സദുദ്ദേശ്യത്തോടെയാണെന്ന് തെളിയിക്കുക ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമായിരിക്കും.
ഉടമ്പടി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഒരു സംവിധാനമുണ്ടോ?
ഇതൊരു ഉഭയകക്ഷി കരാറാറായതുകൊണ്ടുതന്നെ ഇതിലെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഒരുസംവിധാനവും നിലവില്‍ ഇല്ല. ഇതില്‍ ഐക്യരാഷ്ട്രസഭയ്ക്കും ഇടപെടാന്‍ കഴിയില്ല. അന്താരാഷ്ട്രനീതിന്യായ കോടതിക്ക് ഇടപെടണമെങ്കില്‍ ഇരുസര്‍ക്കാരുകളുടെയും സമ്മതത്തോടെ മാത്രമേ കേസുകള്‍ പരിഗണിക്കാന്‍ കഴിയുകയുള്ളു. അത്തരമൊരു സാഹചര്യം തീര്‍ത്തും വിദൂരമാണ്
ഇന്ത്യയുടെ കൈമാറ്റ നിയമം (Extradition Act, 1962) എങ്ങനെ ബാധകമാകും?
രാഷ്ട്രീയലക്ഷ്യത്തോടെയുള്ള കേസുകള്‍ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ കൈമാറ്റ നിയമമായ എക്സ്ട്രാഡിഷന്‍ ആക്റ്റ് പ്രകാരം ഹസീനയെ കൈമാറുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. ആരോപിക്കപ്പെടുന്ന കുറ്റം രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കില്‍ കൈമാറാന്‍ പാടില്ലെന്ന് വ്യവസ്ഥയുള്ളതിനാല്‍ തന്നെ അപേക്ഷയുടെ ലക്ഷ്യം സദുദ്ദേശ്യത്തോടെയല്ലെന്നോ, നിയമവിരുദ്ധമാണെന്നോ, രാഷ്ട്രീയ പ്രേരിതമാണെന്നോ ചൂണ്ടിക്കാട്ടി കൈമാറ്റം നിരസിക്കാന്‍ ഇന്ത്യക്ക് കഴിയും. ഉടമ്പടി പ്രകാരം ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് നിര്‍ബന്ധം പിടിച്ചാലും ഇന്ത്യക്ക് ഇത് നിരസിക്കുന്നതിന് നിയപരമായി തടസ്സങ്ങളില്ല.
ധാക്കയിലെ സ്പെഷല്‍ ട്രൈബ്യൂണലാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടു, അനധികൃത വധശിക്ഷകള്‍ നടപ്പാക്കി, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങള്‍ ഹസീനയ്ക്കെതിരെ തെളിഞ്ഞുവെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. എന്നാല്‍ ട്രൈബ്യൂണല്‍ വിധി ഗൂഢാലോചനയാണെന്നായിരുന്നു ഹസീനയുടെ പ്രതികരണം. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതോടെയാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്


