മസ്കത്ത്: രാജ്യത്ത് 60 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കി നല്കാന് തീരുമാനിച്ച് ഒമാന്‍ തൊഴില്‍ മന്ത്രാലയം. തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, സ്വകാര്യ മേഖലയിലെ കമ്പനികളിൽ ജോലി ചെയ്യുന്ന 60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് ഇനി തൊഴിൽ വിസ പുതുക്കാം. ജനുവരി 23ന് പുറത്തിറക്കിയ സർക്കുലറിൽ തീരുമാനം നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പല കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റും വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ അടുത്ത ദിവസങ്ങളിലായി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
വിസ പുതുക്കാന്‍ കഴിയാതെ നിരവധി ആളുകള്‍ പ്രയാസത്തിലായിരുന്നു. പല ആളുകളും 60 വയസ്സ് കഴിയുന്നതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇത്തരത്തില്‍ 60 കഴിഞ്ഞവര്‍ക്ക് വളരെ പ്രയോദനകരമാകുന്ന തീരുമാനമാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചത്.
ഒമാനിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, ഒമാനിൽ നിക്ഷേപിക്കാനോ താമസിക്കാനോ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അഞ്ച് മുതൽ 10 വർഷം വരെയുള്ള ദീർഘകാല റെസിഡൻസി വിസ സർക്കാർ വാഗ്ദാനം ചെയ്യുന്നു. കാലാവധി കഴിഞ്ഞതിന് ശേഷം പെർമിറ്റ് പുതുക്കാവുന്നതാണ്.