ഷാർജ: യുഎഇയിൽ പ്രവാസി യുവാവ് മാനസിക സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്തു. 22കാരനായ ഇന്ത്യക്കാരനാണ് ഷാർജയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഇയാൾ പ്രണയബന്ധവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന.
സോഷ്യൽ മീഡിയയിൽ കാമുകിയെ കാണാൻ കഴിയുന്നില്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും വ്യക്തമാക്കി നിരവധി വീഡിയോകൾ ഇയാൾ പങ്കുവെച്ചിട്ടുണ്ട്.കാമുകിയെ കാണാനോ ഫോണിലൂടെ സംസാരിക്കാനോ കഴിയുന്നില്ല, കാമുകി തന്റെ കോളിന് പ്രതികരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നതാണ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകള്‍. ആത്മഹത്യാ സൂചന വീഡിയോയിലൂടെ ഇയാൾ നൽകിയിരുന്നതായും പൊലീസ് പറയുന്നുണ്ട്.
യുവാവ് പറയുന്ന പെൺകുട്ടി ഇന്ത്യയിലാണ്.സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. താമസ സ്ഥലത്തുള്ളവരെയും സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്