തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം ഇനി എല്ലാവരുടെയും ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് നേതാക്കൾ മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കേണ്ട സമയമായെന്നും പാർട്ടിയിൽ ഒറ്റ സ്വരം മാത്രമേ പാടുള്ളൂവെന്നും കെപിസിസി നിർവാഹക സമിതി യോഗത്തിൽ എ.കെ ആന്റണി വ്യക്തമാക്കി.
കോൺഗ്രസ് പോലൊരു പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് ഗുണം ചെയ്യും. എന്നാൽ എല്ലാ വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് നല്ലതല്ലെന്നും അദ്ദേഹം സൂചന നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാഥമിക പ്രവർത്തനങ്ങളാണ് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തത്. മൂന്നര വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾക്കും ചർച്ചകൾക്കും വിരാമമിടേണ്ട സമയമായെന്നും ആന്റണി തന്റെ പ്രസംഗത്തിൽ പരോക്ഷമായി സൂചിപ്പിച്ചു.
13 മാസം മാത്രം അകലെയുള്ള ലോക്സഭാ തിരഞ്ഞെടുപ്പാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മുന്നിലുള്ള വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ പാർട്ടിയുടെ പ്രധാന ലക്ഷ്യം ഈ തിരഞ്ഞെടുപ്പായിരിക്കണം എന്ന സന്ദേശവും ആന്റണി പങ്കുവെച്ചു. കോൺഗ്രസിലെ ചില ലോക്സഭാ എംപിമാർ തങ്ങൾക്ക് എം.എൽ.എയാകാനാണ് താൽപര്യമെന്ന് പരസ്യമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രസംഗം.