
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. 2009 മുതല്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നുണ്ട്. 2012 മുതല്‍ യുഎസ് നാടുകടത്തുന്നവരെ വിലങ്ങണിയിക്കാറുണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് ഇട്ടിരുന്നില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇത് പൊതുവായി അംഗീകരിക്കപ്പെട്ട തത്വമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റം പാടില്ലാത്തതാണ്. നമ്മുടെ രാജ്യം നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. തിരിച്ച് അയക്കുന്നവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിരിച്ചയക്കുന്നവരോട് മേശമായി പെരുമാറാതെ, നിയമങ്ങള്‍ പാലിച്ചാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അമേരിക്കയുടെ നാടുകടത്തല്‍ സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) അതോറിറ്റിയാണ്. 2012 മുതല്‍ പ്രാബല്യത്തില്‍ വന്ന ഐസിഇ ഉപയോഗിക്കുന്ന വിമാനങ്ങള്‍ വഴിയുള്ള നാടുകടത്തലിന്, മാര്‍ഗനിര്‍ദേശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒരു തരത്തിലും നിയന്ത്രിക്കുന്നില്ലെന്ന് ഐസിഇ അറിയിച്ചിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്ക കയറ്റിവിട്ട കുടിയേറ്റക്കാരുടെ കണക്കുകളും വിദേശകാര്യമന്ത്രി പുറത്തു വിട്ടു.
