ഹോങ്കോങ്: കോവിഡ് മഹാമാരി അതിന്റെ നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും, ലോകത്തിലെ പല രാജ്യങ്ങളിലും അണുബാധകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇതിനിടയിൽ കോവിഡ് പോസിറ്റീവ് ആയവർക്കും ജോലിക്ക് പോകാമെന്ന് ചൈനയിലെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു ലോക്ക്ഡൗണിലൂടെ സമ്പദ്വ്യവസ്ഥ വീണ്ടും തകിടംമറിയാതിരിക്കാനാണ് പുതിയ തീരുമാനമെന്ന് പറയപ്പെടുന്നു. നിലവിൽ പ്രതിദിനം പത്തുലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ലോക്ക്ഡൗൺ അഭികാമ്യമല്ലെന്ന് അധികൃതർ കരുതുന്നു.
കോവിഡ് പോസിറ്റീവ് ആയവർക്ക് രോഗലക്ഷണങ്ങൾ ഇല്ലാത്തിടത്തോളം കാലം ജോലിയിൽ പ്രവേശിക്കാമെന്ന് ഷിജിയാങ് പ്രവിശ്യയിലെ അധികൃതർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നിരുന്നാലും, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ചോങ് കിങ്ങിലെ അധികൃതർ ഒരു പടി കൂടി മുന്നോട്ട് പോയി. നേരിയ രോഗലക്ഷണങ്ങളുള്ളവർക്കും പരിശോധന നടത്താതെ ജോലിയിൽ പ്രവേശിക്കാമെന്ന് അധികൃതർ പറയുന്നു.