
വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധങ്ങൾ ഉൾപ്പെടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസംഘടനയുടെ 80-ാമത് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ അവകാശവാദം ആവർത്തിച്ചത്. മറ്റൊരു ലോകനേതാവോ രാഷ്ട്രതലവനോ ഇത്രയും വലിയ പ്രവൃത്തി അടുത്തകാലത്തൊന്നും ചെയ്തിട്ടില്ലെന്നും 7 മാസത്തിനിടെ 7 യുദ്ധങ്ങൾ അവസാനിപ്പിച്ച തന്നോട് ഐക്യരാഷ്ട്രസംഘടന ഒരു നന്ദിപോലും പറഞ്ഞില്ലെന്നും ട്രംപ് വിമർശിച്ചു.
‘‘ഇസ്രയേലും ഇറാനും, ഇന്ത്യയും പാക്കിസ്ഥാനും, റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, തായ്ലന്റും കംബോഡിയയും, അർമേനിയയും അസർബൈജാനും, ഈജിപ്തും എത്യോപ്യയും, സെർബിയയും കൊസോവോയും ഇത്രയും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഞാൻ അവസാനിപ്പിച്ചു. മറ്റൊരു ലോക നേതാവും ഇത്രയുമൊന്നും അടുത്ത കാലത്ത് ചെയ്തിട്ടില്ല. ഒരു നന്ദി പോലും ഐക്യരാഷ്ട്ര സംഘടന പറഞ്ഞില്ല. ഒന്നു സഹായിക്കാൻ പോലും ശ്രമിച്ചില്ല.’’ – ട്രംപ് ആരോപിച്ചു
‘‘റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധത്തിന് ധനസഹായം നൽകുന്നതിൽ പ്രധാനികൾ ചൈനയും ഇന്ത്യയുമാണ്. ആ സമയത്ത് ഞാൻ ആയിരുന്നു പ്രസിഡന്റെങ്കിൽ യുക്രെയ്ൻ യുദ്ധം ആരംഭിക്കില്ലായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ ചൈനയും ഇന്ത്യയും ഇപ്പോഴും യുദ്ധത്തിന് ധനസഹായം നൽകുകയാണ്’’ – ട്രംപ് പറഞ്ഞു.
