ബെർലിൻ: റഷ്യയുടെ നടപടികൾക്കെതിരെ തിരിച്ചടിയുമായി യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങൾ. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാണ് രാജ്യങ്ങൾ പ്രതികരിച്ചത്. ജർമ്മനിയും പോളണ്ടും സ്വിഡനുമാണ് വിദേശബന്ധങ്ങളിൽ പ്രത്യാഘാതമുണ്ടാക്കുന്ന നടപടി സ്വീകരിച്ചത്. മോസ്കോ ഭരണകൂടം മൂന്ന് യൂറോപ്പ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് തിരിച്ചടിയായിട്ടാണ് രാജ്യങ്ങളുടെ നടപടി.
യൂറോപ്പ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസെപ് ബോറലിന്റെ കഴിഞ്ഞയാഴ്ചത്തെ മോസ്കോ സന്ദർശനത്തിൽ റഷ്യയുടെ ഏകാധിപത്യവും ജനാധിപത്യ വിരുദ്ധമായ നയങ്ങളെ വിമർശിച്ചത് വലിയ വിവാദമായിരുന്നു. റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സ് നെവാൽനിയോടും അണികളോടും കാണിക്കുന്ന പ്രതികാര നടപടികളെ ഭൂരിപക്ഷം യൂറോപ്പ്യൻ രാജ്യങ്ങളും വിമർശിച്ചതും റഷ്യയെ ചൊടിപ്പിച്ചിരുന്നു.
നെവാൽനിയെ വിഷം നൽകി വധിക്കാൻ ശ്രമിച്ച സംഭവം മുതലേ ജർമ്മൻ ചാൻസലർ ഏയ്ഞ്ചെലാ മെർക്കലും പുടിനുമായി കടുത്ത ഭിന്നത ഉടലെടുത്തിരുന്നു.റഷ്യക്കെതിരെ മെർക്കലിന് പുറകേ പോളണ്ട് വിദേശകാര്യ വകുപ്പും സ്വീഡന്റെ വിദേശകാര്യ മന്ത്രി ആൻ ലിൻഡേയുമാണ് പ്രതികരിച്ചത്. യൂറോപ്പിലെ രാജ്യങ്ങളുടെ നടപടി ഒട്ടും നീതീകരിക്കാനാകാത്തതും ശത്രുതാപരവുമാണെന്ന രൂക്ഷ വിമർശനമാണ് റഷ്യ നടത്തിയിരിക്കുന്നത്.