തിരുവനന്തപുരം: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ബോണക്കാട് മഹാവീർ പ്ലാൻ്റേഷനിലെ ഉൾപ്പെടെ ഒരു വിഭാഗം തോട്ടം തൊഴിലാളികളെ പങ്കാളികളാക്കി നടപ്പാക്കുന്ന തോട്ടം തൊഴിലാളി സഹകരണ സംഘം രൂപീകരണവും ഇന്നത്തെ (ഒക്ടോ: 15) ഉദ്ഘാടനവും തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാണെന്നും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിൻ്റെ പിന്നിലെന്നും കേരളാ പ്ലാൻ്റേഷൻ ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ അഭിപ്രായപ്പെട്ടു .
ബോണക്കാട് തോട്ടം ഏറ്റെടുക്കാൻ റിഹാബിലിറ്റേഷൻ പ്ലാൻ്റേഷനെയൊ, പ്ലാൻ്റേഷൻകോർപ്പറേഷനെയൊ, തോട്ടത്തിൻ്റെ അതിർത്തി പങ്കിടുന്ന ബൊട്ടാണിക്കൽ ഗാർഡനെയൊ ചുമതലപ്പെടുത്തണമെന്ന മുൻ സർക്കാർ വാഗ്ദാനം ജലരേഖയായി മാറുകയാണെന്നും, ഇടതുസർക്കാർ തോട്ടം ഏറ്റെടുക്കൽ നടപടിയെ സഹകരണസംഘം ഉണ്ടാക്കി ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്ലാൻ്റേഷൻ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ നേതൃയോഗം നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിയിൽ കഴിയുന്ന തൊഴിലാളി കുടുംബങ്ങളെ മറ്റൊരു തരത്തിൽ ചൂഷണം ചെയ്യാനും തൊഴിലാളികളുടെ മറവിൽ തോട്ടം ഏറ്റെടുക്കൽ നടപടി ദുർബ്ബലപ്പെടുത്താനുമുള്ള നീക്കം ഉപേക്ഷിക്കണമെന്നും അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യാനുള്ള നീക്കത്തെ ഐ.എൻ.ടി.യു.സി. അനുകൂലിക്കില്ലെന്നും മുൻ സർക്കാർ തീരുമാനിച്ച തോട്ടം ഏറ്റെടുക്കൽ നടപടി നടപ്പാക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ജില്ലാ സെക്രട്ടറി ആർ.തങ്ക ദുരൈ അധ്യക്ഷതവഹിച്ചു. അനിരുദ്ധൻ നായർ, ജയൻ പ്രകാശ്, ഡി. അജയകുമാർ, ശകുന്തള, ഡി. ഖനി, എ.സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
