
തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ഇ.പി. ജയരാജന് പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞുതന്നെ. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇ.പി. എത്തിയില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് അദ്ദേഹം. കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇ.പിയെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പിറ്റേന്നു നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി. നാട്ടിലേക്കു മടങ്ങുകയാണുണ്ടായത്. ഇ.പിക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് സംസ്ഥാന സെക്രട്ടേറിയേറ്റാണ്. ഇതിൽ ഇ.പിക്ക് അതൃപ്തിയുണ്ട്. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. ആത്മകഥ എഴുതുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആത്മകഥ അവസാന ഘട്ടത്തിലാണ്. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നും ജയരാജന് വ്യക്തമാക്കിയിട്ടുണ്ട്.
ജാവദേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമായത്.
